മുസിരിസ്-" A heritage Port of Kerala"

പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്( ഇപ്പോഴത്തെ കൊടുങ്ങല്ലൂർ ). 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്നു മുസിരിസ്. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ  ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു. വിയന്ന മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചുരുളിൽ  അലക്സാന്ദ്രിയയും മുസിരിസും തമ്മിൽ നടത്തിയിരുന്ന വാണിജ്യ കരാറുകളുടെ രേഖകൾ കാണാം. 2500വർഷങ്ങൾക്കു  മുൻപ് നിലനിന്നിരുന്ന അതീവസമ്പന്നമായ ഒരു തുറമുഖ സംസ്കാരത്തിന്റെ അവശേഷിപ്പാണ് മുസിരിസ്.14-ാം നൂറ്റാണ്ടിൽ പെരിയാറിലെ പ്രളയത്തിൽ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകൾസാക്ഷ്യപ്പെടുത്തുന്നത്.


യുനെസ്കോയും കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ചേർന്ന് 10 തുറമുഖങ്ങളെ ബന്ധപ്പെടുത്തി മുസിരിസ്   പൈതൃക സുഗന്ധവ്യഞ്ജനപാതയുടെ പുനർനിർമ്മാണം  നടപ്പിലാക്കി. എന്നാൽ , ലോക്ഡൗൺ  പ്രഖ്യാപനത്തിൽ മുടങ്ങിയ നിർമ്മാണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ പുനരാരംഭിച്ചു. 

ശാന്തിപുരത്ത് 4.96 കോടി രൂപ ചെലവിൽ പ്രമുഖ ചരിത്രകാരൻ പി.എ. സെയ്തുമുഹമ്മദിന്റെ സ്മാരകം ,വിദ്യാർഥികൾക്കും ചരിത്രകാരൻമാർക്കും ഉപയോഗിക്കാവുന്ന ചരിത്രഗ്രന്ഥങ്ങളടങ്ങിയ ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, ആക്ടിവിറ്റി സെന്റർ, പ്രായമായവർക്ക് വിശ്രമിക്കാനുള്ള സംവിധാനം എന്നിവയോടുകൂടിയാണ് നിലവിൽ വരുന്നത്.ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദ് ,45 ലക്ഷം രൂപ ചെലവു വരുന്ന മാള ടൗണിലെ സിനഗോഗിൻ , 2.25 കോടി രൂപ ചെലവുളള ചേന്ദമംഗലം പള്ളി, കോട്ടപ്പുറം ആംഫി തിയേറ്റർ പരിസരത്തായി നഗരസഭ നൽകിയ 30 സെന്റ് സ്ഥലത്ത് 58 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്ക് , 3 കോടി രൂപ ചെലവു ചെയ്ത് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കച്ചേരിപ്പുരയോടു ചേർന്നുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയം, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് കനോലി കനാലിന്റെ തീരത്തുള്ള കനാൽ ഓഫീസ് , കനാൽ ഓഫീസിനോടനുബന്ധിച്ചുള്ള ബോട്ടുജെട്ടി , മതിലകം ബംഗ്ലാവ് കടവ് മ്യൂസിയം എന്നിവയാണ് മുസിരിസ് പൈതൃകത്തിന്റെ പുനർ നിർമ്മാണ പദ്ധതികൾ.

ഇതിനു പുറമേ മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ വരുന്ന ആലപ്പുഴ പൈതൃക പദ്ധതിയുടെ അഞ്ച് മ്യൂസിയങ്ങളുടെ നിർമ്മാണവും മൂന്ന് കയർ മ്യൂസിയങ്ങളും ഒരു  മ്യൂസിയവും ഒരു പോർട്ട് മ്യൂസിയവുമാണ് ഇതോടൊപ്പം നിലവിൽവരുന്നത്.

ദക്ഷിണേന്ത്യയില്‍ത്തന്നെ ആദ്യത്തെ ക്ഷേത്ര മ്യൂസിയമാണ് ശ്രീകുരുംബക്കാവിൽ നിർമ്മിക്കുന്നത്.കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുരയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയമായി മാറുന്നത്.ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചരിത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും ഉൾപ്പെടുത്തിയാണ് മ്യൂസിയം നിലവിൽ വരിക. പുരാതന ക്ഷേത്രങ്ങളിലെ ആരാധനാക്രമങ്ങളും ഐതിഹ്യങ്ങളും ഡിജിറ്റൽ സംവിധാനത്തോടെ സംവിധാനം ചെയ്യും.ഇതോടൊപ്പം ക്ഷേത്രാവശ്യങ്ങൾക്കായി മറ്റൊരു കെട്ടിട സമുച്ചയവും ഉയരും.  ദേവസ്വം ബോർഡ് നിശ്ചയിക്കുന്ന സ്ഥലത്ത് മീറ്റിങ് ഹാളുകൾ, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോർ മുറി, സ്ട്രോങ് റൂം തുടങ്ങി വിവിധ ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന കെട്ടിടമാണ് ക്ഷേത്രപരിസരത്ത് നിർമിക്കുന്നത്.

പുനർനിർമ്മാണ പദ്ധതികൾ  പുരോഗമന പാതയിൽ തുടരുന്ന അവസരത്തിൽ ,  മുസിരിസ് പൈതൃക പദ്ധതിപ്രദേശം പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു സഞ്ചാരികളെ  സ്വാഗതം ചെയ്യുന്നു. കായൽ ഭംഗി ആസ്വദിച്ചുള്ള ആകർഷകമായ ബോട്ടുയാത്രകളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

കാവിൽക്കടവിലെ മുസിരിസ് വിസിറ്റേഴ്സ് സെന്ററിന് സമീപത്തുള്ള നഗരസഭയുടെ 72 സെന്റിലെ വി.കെ. രാജൻ സ്മാരക ചിൽഡ്രൻസ് പാർക്കും പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ നാശം സംഭവിച്ച പാർക്ക് 35 ലക്ഷം രൂപ ചെലവുചെയ്ത് അടുത്തിടെ നവീകരിച്ചിരുന്നു.

പാർക്കിനോട് ചേർന്നുള്ള കായലിൽ അന്താരാഷ്ട്ര നിലവാരമുള്ള കയാക്കിങ് ഫ്ളോട്ടിങ് ജെട്ടികൾ സ്ഥാപിക്കും. വിദഗ്ധരായ പരിശീലകരെ മുതിർന്നവർക്കും കുട്ടികൾക്കും പരിശീലനം നൽകാൻ നിയോഗിക്കും. പാഡ്ലിങ് കയാക്കിങ്, സ്റ്റാൻഡപ്പ് പാഡിൽ ബോർഡിങ് എന്നിവയിലായിരിക്കും പരിശീലനം.

പോർച്ചുഗീസ് ആധിപത്യത്തിന്റെ കോട്ടകളായ കോട്ടപ്പുറം കോട്ട, പള്ളിപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി...... എണ്ണിയാലൊടുങ്ങാത്തതാണ് 'മുസിരിസി'ന്റെ പൈതൃകപ്പെരുമ. ഒറ്റദിവസം കൊണ്ടു കണ്ടുതീർക്കുക അസാധ്യം.

ഇത്രയൊക്കെ ആണെങ്കിലും, എറണാകുളം, തൃശ്ശൂർ ജില്ലകളെ വേർതിരിക്കുന്ന കൊടുങ്ങല്ലൂർ കായലിന്റെ തെക്കേ കരയിലുള്ള മൂത്തകുന്നം ഫെറിക്കടവ് മുസിരിസ് പൈതൃക പദ്ധതി ഇപ്പോഴും മുസിരിസ് പൈതൃക പദ്ധതിക്ക് പുറത്താണ്.കടത്തുകളും വള്ളങ്ങളും വഞ്ചികളും ബോട്ടുകളും യാത്രയ്ക്കുള്ള പ്രധാന മാർഗമായിരുന്ന കാലത്ത് മധ്യകേരളത്തിലെ ഏറ്റവും പ്രധാന കടത്തിലൊന്ന് മൂത്തകുന്നം ഫെറിയായിരുന്നു.

1986 ഏപ്രിലിൽ കോട്ടപ്പുറത്തെ ബന്ധപ്പെടുത്തി ദേശീയപാതയിൽ പാലം ഗതാഗതത്തിനായി തുറന്നതോടെയാണ് ഇവിടെയുണ്ടായിരുന്ന ചങ്ങാട ഫെറി നിലച്ചത്. യാത്രാ ബസുകൾ വരെ കയറ്റാവുന്ന വലിയ ചങ്ങാട ഫെറി ബോട്ട് ഒരേസമയം കായലിന്റെ രണ്ട് കരകളിലെ ജെട്ടികളിലും അടുപ്പിക്കുമായിരുന്നു. 1960-കളിൽ കുര്യാപ്പിള്ളിയിലായിരുന്നു ആദ്യ കടത്ത് ഉണ്ടായിരുന്നത്. 63-ൽ കുര്യാപ്പിള്ളിയിൽ കോൺക്രീറ്റ് പാലം വന്ന ശേഷം മൂത്തകുന്നം മാട്ടുമ്മൽ കടവുവരെ റോഡുമുണ്ടാക്കി. മറുകരയായ കോട്ടപ്പുറം തൃശ്ശൂർ ജില്ലയുടെ തുടക്കമാണ്. ചരിത്രത്തിനുമപ്പുറം ഐതിഹ്യങ്ങളോളം പഴക്കമുണ്ട് ഈ കായലിനും സമീപപ്രദേശങ്ങൾക്കും.

ലോക പൈതൃക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ മുസിരിസ് പദ്ധതിയുടെ തുടക്കത്തിൽ ഈ പ്രദേശവും പരിഗണിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽത്തന്നെ മറുകരയിലുള്ള കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ കോടികളുടെ വികസനം നടത്തി. ജെട്ടികൾ ആധുനിക രീതിയിൽ പുതുക്കിപ്പണിതു. പുഴയോരത്തെ മനോഹരമായ വാക് വേ, ആംഫി പാർക്ക്, സൗരോർജ വിളക്കുകൾ, പോർച്ചുഗീസ് കോട്ട വികസനം, പരമ്പരാഗത ഭക്ഷ്യശാലകൾ എന്നിവയാണ് തുടങ്ങിയത്. എന്നാൽ മൂത്തകുന്നം ഫെറിക്കടവ് പാടെ തഴയപ്പെട്ടു.

മൂത്തകുന്നം പാലം പണിക്ക് വർക്ക് ഏരിയയായി ഏറ്റെടുത്ത സ്ഥലം മൂന്നു പതിറ്റാണ്ടായി ഒഴിഞ്ഞുകിടക്കുന്നു. ഇവിടെ കായലിന് അഭിമുഖമായി കായിക കേന്ദ്രം, വോളിബോൾ കോർട്ട് എന്നിവ തുടങ്ങാം.

2021-ൽ മുസിരിസ് പൈതൃക ടൂറിസം പദ്ധതി പൂർണമായി കമ്മിഷൻ ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ഈ വികസന പദ്ധതികൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ വിവിധ സംഘടനകൾ സാംസ്കാരിക, ധനകാര്യ മന്ത്രിമാർക്കും ടൂറിസം പൈതൃക പ്രോജക്ട് അധികൃതർക്കും നിവേദനം നൽകുകയും ചെയ്തു.

മുസിരിസിന്റെ  പോരിഷകൾ പല കൃതികളിലും കുറിച്ചിട്ടുണ്ട് .പൗരാണിക തമിഴ് സംഘം കൃതികളിൽ വാണിജ്യതുറമുഖമായിരുന്ന മുസിരിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സംഘം കാലഘട്ടത്തിലെ പ്രമുഖ തമിഴ് കൃതിയായ ‘അകനന്നുറു’ വിൽ പെരിയാർ തീരത്തടുക്കുന്ന യവനകപ്പലുകളെക്കുറിച്ച് പരാമർശമുണ്ട്. സംഘം കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ കൃതിയായ ‘പുരാനന്നുറു’വിൽ മുസിരിയുടെ ജലാശയങ്ങളെക്കുറിച്ചും , വാണിജ്യസംഘങ്ങളെക്കുറിച്ചും പരാമർശമുണ്ട്. തമിഴ് പൗരാണിക കൃതിയായ പത്തിരുപ്പാട്ടിൽ  കടലിൽ കൂടി കൊണ്ടുവന്ന ആഭരങ്ങളും മറ്റും സൂക്ഷിക്കുന്ന തുറമുഖങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. പൗരാണിക സഞ്ചാരിയായിരുന്ന പ്ലിനിയുടെ  സഞ്ചാരലേഖനങ്ങളിൽ മുസിരിസിനെക്കുറിച്ചു പരാമർശമുണ്ട്.

കേരള സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതി, മൺമറഞ്ഞപോയ മുസിരിസിൻറെ ചരിത്രപരവും സാംസ്കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്.ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണപദ്ധതി കൂടിയാണ് മുസിരിസ്.


Bibliography : 

http://www.muzirisheritage.in/

https://www.mathrubhumi.com/travel/news/muziris-heritage-tourism-project-muziris-heritage-spices-route-kerala-tourism-travel-news-1.4784858

https://www.mathrubhumi.com/travel/news/temple-museum-sreekurumba-bhagavathy-temple-muziris-heritage-project-kerala-tourism-travel-news-1.5005737

https://www.mathrubhumi.com/travel/news/muziris-heritage-tourism-project-thrissur-tourism-water-taxi-in-kerala-travel-news-kerala-tourism-1.5129273

https://www.mathrubhumi.com/travel/news/muziris-heritage-tourism-project-moothakunnam-heritage-project-travel-news-kerala-tourism-1.5039748


Author Name: Safeera Najmin

Class: 4th Sem BTTM

CPA College of Global Studies

Comments