ഇബ്ൻ ബത്തൂത്ത :

"Travelling - it offers you a hundred roads to adventure, and gives your heart wings"

ഇബ്ൻ ബത്തൂത്ത, ലോകം കണ്ട മികച്ച സഞ്ചാരിയും, സഞ്ചാരപ്രിയർ അറിഞ്ഞിരിക്കേണ്ട മൊറോക്കൻ സഞ്ചാരി.സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത സൂഫി, ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌.
ഇബ്ൻ ബത്തൂത്ത തന്റെ 30 വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000 മൈൽ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ്‌, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂർവേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ മാർക്കോ പോളോ സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു. 

1325-ലാണ്‌ ഇബ്ൻ ബത്തൂത്ത തന്റെ യാത്രകൾക്ക് തുടക്കം കുറിക്കുന്നത്. യാത്രയുടെ ഒന്നാം ഘട്ടത്തിൽ കോൺസ്റ്റാന്റിനോപ്പിൾ, ട്യൂണിസ്‌, അലക്സാണ്ട്രിയ, ട്രിപ്പോളി, ഈജിപ്റ്റ്‌, പലസ്തീൻ, സുറിയ, ഡമാസ്കസ്‌ എന്നീസ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം ഹജ്ജ്‌ കർമ്മം നിർവഹിക്കുന്നതിനായി മക്കയിലേക്കു തിരിച്ചു. പിന്നീട് തന്റെ യാത്ര സംഘത്തോടൊപ്പം തുടരുന്നതിനു പകരം അദ്ദേഹം പേർഷ്യയിലേക്ക് തന്റെ യാത്രയുടെ ലക്ഷ്യസ്ഥാനം മാറ്റി നിശ്ചയിക്കുകയായിരുന്നു. ബത്തൂത്ത ടൈഗ്രിസ് നദി കടന്ന് ബസ്ര നഗരത്തിലേക്കാണ് പിന്നീട് പോയത്.
യാത്രയുടെ രണ്ടാം ഘട്ടത്തിൽ,മെസൊപൊട്ടാമിയയിലെ നജാഫ്‌, ബസ്ര, മോസുൾ,ബാഗ്ദാദ്‌,ആഫ്രിക്കയിലെ മോഗഡിഷു, മൊംബാസ്സ, സൻസിബാർ, കില്വ മുതലായ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം രണ്ടാമതും ഹജ്ജ്‌ കർമ്മം നിർവഹിക്കുന്നതിനായി മക്കയിലേക്ക് തിരിച്ചു. വിശ്രമത്തിനും വിവിധ ഭാഷാഭ്യാസത്തിനുമായി 2 കൊല്ലത്തോളം അദ്ദേഹം മക്കയിൽ കഴിഞ്ഞു. മൂന്നാം ഘട്ടം യാത്ര 1332-ൽ തുടക്കമിട്ടു. യെമൻ, ഒമാൻ, ബഹറൈൻ, സുറിയ, ഏഷ്യ മൈനർ, ഇന്ത്യ, മാലദ്വീപ്‌, സിലോൺ, കിഴക്കൻ ഏഷ്യ, ചൈന എന്നീരാജ്യങ്ങൾ സന്ദർശിച്ച ശേഷം വീണ്ടും ഇന്ത്യ, പേർഷ്യ, മെസൊപൊട്ടൊമിയ, സുറിയ, ഈജിപ്റ്റ് വഴി ടാൻജിയറിൽ മടങ്ങിയെത്തി.
മികച്ച സഞ്ചാരിയായ ഇബ്ൻ ബത്തൂത്ത ദില്ലി സുൽത്താൻ മുഹമ്മദ്‌ ബിൻ തുഗ്ലക്കിന്റെ കാലത്ത് ഇന്ത്യയും സന്ദർശിക്കുകയുണ്ടായി. 1342-ൽ ചൈനയിലേക്കുള്ള സ്ഥാനപതിയായി നിയമിതനായ ഇബ്ൻ ബത്തൂത്ത അവിടേയ്ക്കുള്ള യാത്രാമദ്ധ്യേ ഗ്വാളിയർ, ചന്ദ്രഗിരി, ഉജ്ജയിൻ, സഹാർ, സന്താപ്പൂർ, ഹോണാവർ, ബാർക്കൂർ, മംഗലാപുരം വഴി കേരളത്തിലെത്തി. അന്ന് കോഴിക്കോട്‌, കൊല്ലം തുറമുഖങ്ങളിൽ നിന്നു മാത്രമേ ചൈനയിലേക്ക്‌ കപ്പലുകൾ പുറപ്പെട്ടിരുന്നുള്ളു. കേരളത്തിൽ ഏഴിമലയും പന്തലായനിയും‍, ധർമ്മടവും‌, കോഴിക്കോടും‌, കൊല്ലവും അദ്ദേഹം സന്ദർശിച്ചു. 
മുലൈബാർ എന്നാണ്‌ കേരളത്തെ അദ്ദേഹം സൂചിപ്പിച്ചിരുന്നത്. നിറയെ വൃക്ഷങ്ങളും കൃഷിയും ഉള്ള ഒരു പ്രദേശമെന്നാണ്‌ അദ്ദേഹം കേരളത്തെപ്പറ്റി ആദ്യം എഴുതിയിരിക്കുന്നത്‌. സഞ്ചാരികളെ ആതിഥ്യമര്യാദയോടെ ഇവിടുത്തെ ജനങ്ങൾ സ്വീകരിച്ചിരുന്നത്രെ. കോഴിക്കോട്‌ എത്തിയ ഇബ്ൻ ബത്തൂത്ത അത്‌ ഒരു മികച്ച തുറമുഖപട്ടണമെന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ലോകത്തിന്റെ എല്ലാ കോണിലും നിന്നുള്ള വ്യാപാരികളേയും സഞ്ചാരികളേയും അദ്ദേഹമിവിടെ കണ്ടു.കള്ളന്മാർക്കും കൊള്ളക്കാർക്കും കടുത്ത ശിക്ഷ നൽകിയിരുന്നതിനാൽ മലബാറിലൂടെയുള്ള യാത്ര അദ്ദേഹത്തിനു അത്യന്തം സുരക്ഷിതമായിരുന്നു. 
1377 ൽ മൊറോക്കോയിലെ ടാൻജിയറിൽ വെച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ടാൻജിയറിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ശവകുടീരം ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഇബ്ൻ ബത്തൂത്ത രചിച്ച യാത്രാ ലോഗ് ആയ പുസ്തകം, ലോകത്തിലെ മികച്ച പുസ്തകങ്ങളിൽ ഒന്നായ തുഹ്‌ഫത്തുന്നുള്ളാർ ഫിഗറായിബിൽ അംസാർ വ അജായിബിലസ്ഫാർ ലോക നഗരങ്ങളെപ്പറ്റിയും വിസ്മയ യാത്രകളെപ്പറ്റിയും ചിന്തിക്കുന്നവർക്കുള്ള, സമ്മാനം എന്ന് അർത്ഥമുള്ള ഈ പുസ്തകം യാത്ര എന്നർത്ഥം വരുന്ന റിഹ്‌ല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതിലെ ചില ഭാഗങ്ങൾ സാങ്കൽപ്പികമാണങ്കിലും, പതിനാലാം നൂറ്റാണ്ടിലെ ലോകത്തിന്റെ ഒരു പൂർണ്ണ വിവരണം ഇത് നൽകുന്നു. ചരിത്രപൈതൃകങ്ങളെയും ജനസംസ്‌കൃതികളെയും ഉള്‍ക്കൊണ്ടായിരുന്നു 30 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ യാത്രകള്‍. ലോകസഞ്ചാരികളുടെ കണക്കെടുത്താൽ അതിൽ മുന്നിൽത്തന്നെയായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.



Bibliography:


https://www.techtraveleat.com/ibn-battuta/
https://en.wikipedia.org/wiki/Ibn_Battuta#His_name


Author name: Safeera Najmin
Class:4th Semester BTTM
CPA College of Global Studies

Comments