"എന്റെ ത്രിവർണ്ണപതാക"

Title: എന്റെ ത്രിവർണ്ണപതാക ...!

Author Name: John Joseph Panakkal

Designation: Assistant  Professor, Dept.of English

Institution: CPA College of Global Studies

                



1998 കാലത്തെ നല്ല ചൂടുള്ള മെയ് മാസം. ഞാനും സഹധർമ്മിണിയും,  10 മാസം പ്രായമുള്ള കുഞ്ഞും കൂടി എന്റെ പുതുപുത്തൻ വെസ്പ സ്കൂട്ടറിൽ യാത്ര പോവുകയാണ്. പഞ്ചാബ്-ഹിമാചൽ ബോർഡറിലുള്ള എയർഫോഴ്സ് യൂണിറ്റിൽ നിന്നും അമൃതസറിനപ്പുറമുള്ള വാഗാ ബോർഡർ ആണ് ലക്‌ഷ്യം.  ഏകദേശം 150 കിലോമീറ്ററിൽ കൂടുതൽ ദൂരം കാണും.  പക്ഷെ മനസ്സും ശരീരവും ചെറുപ്പമായിരിക്കുമ്പോൾ അതൊക്കെ എന്ത് ...?

രാവിലെ  തുടങ്ങിയ യാത്രയാണ്. വഴിയിൽ കണ്ട പഞ്ചാബി ഡാബയില് കയറി ചൂടുള്ള തന്തൂരി റൊട്ടിയും പരിപ്പുകറിയും, കട്ടി തൈരും , പുതിനചട്ണിയും, സവാള കൊത്തും ചേർത്ത് ഞങ്ങൾ സ്വാദോടെ കഴിച്ചു. മേമ്പൊടി ആയി നല്ല തണുത്ത കട്ടി തൈരിൽ പഞ്ചസാരയും പാൽപാടയും ചേർത്ത് അടിച്ച ലസ്സിയും.

ഞാൻ ഏറെ ബഹുമാനത്തോടെ കാണുന്ന ജന വിഭാഗമാണ് പഞ്ചാബികൾ.  ഏറെ അധ്വാനശീലർ,  അതെ സമയം ഏറെക്കുറെ മനസിന് നെറിവുള്ളവർ. പഞ്ചാബ് മുഴുവൻ തിരഞ്ഞാലും  ഒരു  സിഖ് ഭിക്ഷക്കാരനെ നിങ്ങൾക്കു  കണ്ടു കിട്ടാൻ ബുദ്ധിമുട്ടായിരിക്കും ...!

എന്റെ സർവിസ് ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം ഞാൻ ചിലവഴിച്ചത് പഞ്ചാബിൽ ആണ്. ഇന്നും പഞ്ചാബിലേക്കെന്നു പറഞ്ഞാൽ, എന്റെ ഭാര്യയും കുട്ടികളും ഇറങ്ങിപുറപ്പെടാൻ തയ്യാറാണ്. അവരാ നാടിനെ സ്നേഹിക്കുന്നു, എന്നോടൊപ്പം ...!

ഏകദേശം 5 മണിയോടെ വാഗാ ബോർഡറിൽ എത്തി. ഒരു വലിയ ജനക്കൂട്ടം അവിടെ ഇന്ത്യ- പാക് അതിർത്തിയിലെ ഫ്ലാഗ് ലോവറിങ് കാണാൻ തടിച്ചുകൂടിയിട്ടുണ്ട്.

കുറച്ചു സമയം അവിടെ ചുറ്റിനടന്നു. ബി.സ്.എഫിൽ ഉള്ള ഒരു നാട്ടുകാരനെ പരിചയപ്പെട്ടു. അയാൾ ഞങ്ങളെ അതിർത്തിയിൽ പാക് സൈനികരുടെ  അടുത്ത് കൊണ്ട് പോയി. അന്ന് വാഗാ ഗേറ്റ് അതിർത്തിയിൽ, പ്രധാന കവാടം  കഴിഞ്ഞാൽ  പിന്നെ  വേലിയില്ല. വെറും ഒരു സർവേ കല്ലുണ്ട്. അത്ര തന്നെ ...!

നല്ല കറുത്ത സൈനിക വേഷമിട്ട ; കാപാലികർ എന്ന പോലെ തോന്നുന്ന ആറടിയിലേറെ ഉയരമുള്ള കരുത്തന്മാർ. പാക് സൈനികർ.!

അവരും ഇന്ത്യൻ സൈനികരെ പോലെ  ഗ്രാമങ്ങളിൽ നിന്നും വന്ന പച്ച മനുഷ്യർ. നമ്മളെ പോലെ ജീവിത പ്രയാസങ്ങളൊക്കെ ഉള്ളവർ ...! പക്ഷെ അവർ നമുക്ക് ഭീകരർ  ആണ്! 

നമ്മുടെ മലയാളി സുഹൃത്തിന്റെ കയ്യിൽ നിന്നും അവർ കാജാ ബീഡി വാങ്ങി വലിക്കുന്നത് കണ്ടപ്പോഴാണ്,  അതിർത്തിയിൽ നമ്മൾ വിചാരിക്കുന്ന പോലെ സൈനികർ ശത്രുതയിൽ ഒന്നുമല്ല കഴിയുന്നത്  എന്ന് അറിയുന്നത് ...!

സമയം 6 മണി.  ഫ്ലാഗ് ലോവറിങ്ങിന് സമയം അടുക്കുന്നു. അതിർത്തിയിൽ രണ്ടു രാജ്യങ്ങളുടെ ആയിരകണക്കിന് ജനങ്ങൾ കാത്തു നിൽക്കുന്നു.

വലിയ ആരവം. അടുത്ത് നിൽക്കുന്ന ഭാര്യ പറയുന്ന കാര്യങ്ങൾ പോലും കേൾക്കാൻ കഴിയുന്നില്ല .

പെട്ടന്നതാ... ഒരു ബ്യുഗിൽ  മുഴങ്ങുന്നു.... പിന്നെ  അവിടെയാകെ അത്ഭുതകരമായ നിശബ്ദത.!

ആദ്യം ഒരു  ബി.സ്.എഫ് ബ്യുഗിളർ, ആള് മലയാളി ആണ്. അതിനു പുറകിൽ  ആറടിയുള്ള കാക്കി വേഷധാരികളായ രണ്ടു ബി.സ്.എഫ് ജവാന്മാർ ഉയരത്തിൽ കാലുകൾ അമർത്തിച്ചവിട്ടി മാർച്ച് ചെയ്തു വരികയാണ്.  അവരുടെ പിറകെ ഒരു ബി.സ്.എഫ്  ഇൻസ്‌പെക്‌ടർ. ലക്‌ഷ്യം വാഗാ ബോർഡർ ഗേറ്റ്. 

മറു വശത്തു നിന്നും കറുപ്പ് വേഷധാരികളായ പാക് റേഞ്ചേഴ്സ് ഇത് പോലെ മാർച്ച് ചെയ്തു വരുന്നുണ്ട്.

അടച്ചിട്ട അതിർത്തി ഗേറ്റുകൾ അതിഭീകരമായ ശബ്ദത്തോടെ വലിച്ചു തുറക്കുന്നു!

രണ്ടു വശത്തു നിന്നും വന്ന ജവാന്മാർ ഹസ്തദാനം ചെയ്യുന്നു.   പരസ്പരം വെല്ലുവിളിച്ചു കൊണ്ട്  ഒരു നിമിഷം മുഖാമുഖം ...!

നിമിഷ നേരം കൊണ്ട്  രണ്ടു ദേശീയ പതാകകൾ പരസ്പരം വിലങ്ങനെ താഴോട്ട് വരാൻ തുടങ്ങി. ഏകദേശം പകുതി വഴി വച്ച് രണ്ടു പതാകകളും  ഒന്ന് കൂട്ടിഉരസി ഒരു അണുകിട മാത്ര പരസ്പരം ആലിംഗനത്തിലമർന്നു. എങ്ങനെ കെട്ടിപിടിക്കാതിരിക്കും,  ഒരമ്മ പെറ്റ  മക്കളല്ലേ....?  ആരൊക്കെ പിരിച്ചാലും ഇത്തിരി സ്നേഹം മനസ്സിൽ ബാക്കിയില്ലാതിരിക്കുമോ ...?

പാകിസ്ഥാൻ ഭാഗത്തു നിന്നും ഉച്ചത്തിലുള്ള  തക്ബീർ വിളികൾ മുഴങ്ങി. കൂട്ടത്തിൽ  അത്യുച്ചത്തിൽ  "ഹം ബദല ദെങ്കാ"... (ഞങ്ങൾ പകരം ചോദിക്കും...) എന്ന ആക്രോശങ്ങളും ഉയർന്നു. ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്ഥാൻ രണ്ടാക്കി പിരിച്ചതിന് പകരം ചോദിക്കും എന്നാണ് .....!

ഇപ്പുറം കൂടി നിന്ന ജനക്കൂട്ടം, പകരം ഉറക്കെ ജയ്‌ഹിന്ദ്‌ വിളിച്ചു. ഞാനും തൊണ്ടപൊട്ടും വരെ ജയ്ഹിന്ദ് വിളിച്ചു.  തോളത്തു കിടന്നിരുന്ന എന്റെ 10 മാസം പ്രായമുള്ള മകൾ പെട്ടന്നുണർന്നു.  ഞാൻ ജയ് ഹിന്ദ് വിളിക്കുന്നത് കേട്ട് മകളും വിളിച്ചു പറഞ്ഞു "ജയ് ജയ് സിംബാവേ"...!

നാട്ടിലെ പാർട്ടി ജാഥകളിൽ "ജയ് ജയ് സിൻദാബാദ്" വിളിക്കുന്നതാണ് കുട്ടി കേട്ട് പഠിച്ചിട്ടുള്ളത്. “സിൻദാബാദിനു പകരം അവൾ വിളിക്കാറുള്ളത്  "സിംബാവേ" എന്നാണ്...!

എന്തായാലും കൊടികൾ ഇറങ്ങി.  ആദരപൂർവം  ജയ്ഹിന്ദ്  വിളിക്കുന്ന വൻജനാവലിക്ക്  നടുവിലൂടെ നാലാക്കി മടക്കിയ ത്രിവർണ്ണപതാക മടങ്ങുകയാണ്....ഒരു  ബി.സ്.എഫ്  സൈനികന്റെ  നിവർത്തി പിടിച്ച കൈകളിൽ...!  ഞങ്ങളെ പോലെ ആയിരമായിരം ഭാരതീയ സൈനികർ ഈ രാജ്യത്തിന്റെ      നിലനിൽപ്പിന് ഏത് പതാകയ്ക്ക് ചോരയും ജീവനും കൊടുക്കുന്നോ..... ആ  പതാക.....!

എനിക്ക്  ദേഹം മുഴുവൻ കോരിത്തരിച്ചു

രോമങ്ങൾ എണീറ്റ് നിന്നു...!    

നാളെ ഒരു സൂര്യോദയം ഉണ്ടെങ്കിൽ....

ഇന്ത്യ മഹാരാജ്യം, നിലവിലുണ്ടെങ്കിൽ, 

വീണ്ടും  ആ കൊടിമരത്തിൽ, 

ശത്രുവിന്റെ ധാർഷ്ട്യത്തിനുമേൽ

പാറികളിക്കാൻ കരുത്തുണ്ട് 

എന്ന് വീണ്ടും തെളിയിക്കാൻ 

ആയിരമായിരം ഭാരതീയരുടെ

അഭിവാദ്യങ്ങൾ ഏറ്റു വാങ്ങി കൊണ്ട്, 

അസ്തമയ സൂര്യനൊപ്പം ആ പതാക

കൺവെട്ടത്തിൽ നിന്നും മറയുകയാണ്‌!

നമ്മുടെ   ജീവന്റെ  ജീവനായ ആ ത്രിവർണ പതാക ...!

Comments